കൊച്ചി: മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ വിദേശപണമിടപാടിൽ ഇഡി ഫെമ കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പണം വിദേശത്തേക്ക് അയച്ചതിന്റെ രേഖകളും മെസിയെ കേരളത്തിലെത്തിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവകാശപ്പെടുന്ന എഗ്രിമെന്റ് ഉൾപ്പെടെയുള്ള വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സർക്കാർ കൈവശമുള്ള രേഖകൾ ശേഖരിക്കുന്നതിനുള്ള നോട്ടീസും ഇഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽനിന്നും ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏകദേശം 126 കോടി രൂപ വിദേശത്തേക്ക് കൈമാറിയെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.
ഇത്രയും വലിയ തുക എങ്ങനെയാണ് വിദേശത്തേക്ക് അയച്ചത്, പണത്തിന്റെ ഉറവിടം എന്താണ്, ഇടപാടുകൾക്ക് ആവശ്യമായ അനുമതികളും രേഖകളും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് ഇഡി നടത്തുന്നത്.